നിരുപമാ ഫ്ലോറന്സാ എഴുതുന്നു. ഇരുപതു വര്‍ഷത്തിനിപ്പുറത്ത് നിന്ന്‍ നരകയറി മിനുത്ത
മുടിയിഴകള്‍ മാടിയൊതുക്കി, ചുളിവു തൂര്‍ന്നു വിറയാര്‍ന്ന വിരലാല്‍ നിരുപമാ
ഫ്ലോറന്സാ കുറിക്കുന്നു.
എഴുത്തുകാരനോടും പാതി എന്നോട് തന്നെയും കലഹിച്ച്
പതിയെ ഉരുവിട്ട വാചകങ്ങള്‍ക്ക് കാതോര്‍ത്തു, ചെമ്പന്‍ രോമങ്ങള്‍ കിളിര്‍ത്തു
തുടങ്ങിയ മേല്ചുണ്ടിലും കുസൃതി നിറഞ്ഞ
വിടര്‍ന്ന കണ്ണുകളിലും ഒരു പോലെ വിരിയുന്ന
ചിരിയോളിപ്പിച് നീയെന്നെ വായിക്കാന്‍ ശ്രമിക്കുന്നത്
ഞാന്‍ അറിയുന്നുണ്ടായിരുന്നു. ക്യംപസിലും ലൈബ്രറരിയിലും ബസ്റ്റൊപ്പിലെ മരച്ചോട്ടിലും എന്റെമേല്‍ പാറി വീഴുന്ന കൌതുകത്തിന്റെ, കുസൃതിയുടെ,
ചിലപ്പോഴെങ്കിലും യൌവ്വന തീഷ്ണമായ
നോട്ടവും ഞാന്‍ അറിഞ്ഞിരുന്നു. എന്നിട്ടും ഞാന്‍
അറിയില്ലെന്ന് നടിച്ചു, നിന്നെ കണ്ടതെ ഇല്ലെന്നു ഭാവിച്ചു .
എങ്കിലും എന്റെ കുട്ടീ
ഇക്കാലമത്രയും ഞാനോര്ത്തിരിക്കുന്ന എന്റെ
പ്രിയപ്പെട്ട കുട്ടീ
നിനക്കറിയുമോ ആ കഥ, എന്റെ കഥ എന്റെ
മുത്തശശിമാരുടെ, പ്രണയം അമര്ത്തി ഞെരിച്ച
ആ മുത്തശശന്‍മാരുടെ കഥ.
നഗരം അവസാനിക്കുന്നിടത്ത് കോട്ടവാതിലോടു ചേര്‍ന്ന്
നദിക്കരയിലെയ്ക്ക് നീണ്ടു കിടക്കുന്ന പാതയോരത്തിനിരുവശവുമായാണ് അവര്‍ കൂരകള്‍
പണിഞ്ഞത്. അവര്‍ അറബികഥയിലെ തസ്കരന്മാരെ പോലെ
നാല്പ്പത്തൊന്നുപേര്‍ . നാല്‍പത്തിയൊന്നു ചെറുപ്പക്കാര്‍ ഉറച്ച പേശികളും
കൈക്കരുത്തും ഊഷ്മള സൌഹൃദവും ഒറ്റ മനസുമായി അവര്‍. ദേശങ്ങളില്‍ നിന്ന്‍ ജോലി തേടി
നഗരത്തിലെത്തിയവര്‍. അവര്‍ എല്ലുമുറിയെ പണിയെടുത്തു. പണം സ്വരുക്കൂട്ടി പുഴവക്കിലെ
പാതയോരത്ത് വീടുകള്‍ കെട്ടി. നിരയൊപ്പിച്ച് നാല്പ്പത്തൊന്നു വീടുകള്‍. ഒരേ കാലത്ത്
അവര്‍ കുടി വച്ചു. തെരുവില്‍ നാല്പ്പത്തൊന്നു
ജോഡി പാദസരങ്ങള്‍ കിലുങ്ങി. വധുക്കള്‍ മിടുക്കികളായിരുന്നു പുഴമണ്ണും ചെങ്കല്‍പൊടിയും
ചേര്‍ത്ത് അവര്‍ നിലം മെഴുകി മിനുക്കി. മുറ്റത്തിന്റെ അതിരില്‍ മുല്ലയും കനകാംബരവും
നട്ടൂ. കാലം തെറ്റിയെന്നോണം അവ എന്നും പൂവിട്ടു. വെയിലാറുമ്പോ പുഴയില്‍ കുളിച്
കാച്ചെണ്ണ മണക്കുന്ന മുടിയില്‍ മുല്ലപ്പൂ
ചൂടി അസ്തമയത്തോടെ തിരിച്ചെത്തുന്ന ഭര്‍ത്താക്കന്മാരെ കാത്തിരുന്നു.
നിലവിളക്കിന്റെ നിറവുള്ള പെണ്മുഖം കണ്ട ഭര്‍ത്താക്കന്മാര്‍ ക്ഷീണം മറന്നു. പുഴയുടെ
തണുപ്പില്‍ അന്നത്തെ ദുരിതം കഴുകിയോഴുക്കി വന്നവര്‍ക്ക് ഭാര്യമാര്‍ രുചിയുള്ള
ഭക്ഷണവും പ്രണയവും വിളമ്പി. രാത്രിയുത്സവങ്ങളുടെ ആരവങ്ങളില്‍ തെരുവ്
പുളച്ചുകിടന്നു. ഒരേ താളത്തിലും ലയത്തിലും
തെരുവിലെ ജീവിതമോഴുകി.
അവര്‍ക്ക് ഒരേ കാലം ഉണ്ണികള്‍ പിറന്നു. അവര്‍
വളര്‍ന്നു പിതാക്കന്മാരെ പോലെ കരുത്തരായി.
തലതെളിഞ്ഞ കാലം നഗരത്തിലേയ്ക്ക്
പണി തിരഞ്ഞു പോയി. രണ്ടാം തലമുറയും കുടി വച്ചു.
അമ്മമാര്‍ കോലായില്‍ വെയില്‍ കാഞ്ഞു. മരുമക്കള്‍
കുടുംബം നോക്കി. മിന്ചിയും കൊലുസും കിലുക്കി കൂട്ടത്തോടെ പുഴയിലെയ്ക്കും തിരിച്ചും
നടന്നു തെരുവുണര്‍ത്തി. മൈലാഞ്ചിയിട്ടു തുടുപ്പിച്ച്ച്ച വിരലുകളും മഞ്ഞള്‍ തേച്ച്
മിനുക്കി കവിളുകളുമായി മുടി നിറയെ മുല്ലപ്പൂ ചൂടി ഭര്‍ത്താക്കന്മാരെ കാത്തു. കോലായിലെ തലമുറ കടക്കണ്ണാലാത് കണ്ടു
ഊറിചിരിച്ചു.
നഗരത്തിലെ കൂറ്റന്‍ ഘടികാരത്തിന്റെ പല്‍ച്ചക്രങ്ങള്‍
പോലെ ഗതിമാറി ഒഴുകാത്ത പുഴ പോലെ തെരുവിലെ
ജീവിതം ഒരേ താളത്തില്‍ ഒരേ വേഗത്തില്‍ അങ്ങനെ പതഞ്ഞോഴുകി. തെരുവിലേയ്ക്ക് വന്ന
വധുക്കള്‍ നാടും വീടും മറന്നു. അവര്‍ തെരുവിന്റെ പെണ്ണുങ്ങള്‍ മാത്രമായി. അവര്‍
പ്രണയത്തിന്റെ ഉന്മത്തതയില്‍ കൂടുതല്‍ സുന്ദരികളായി. അവര്‍ ആണ് കുഞ്ഞുങ്ങളെ മാത്രം
പെറ്റു. കണ്ണീരും കലഹവുമില്ലാത്ത്ത തെരുവിലേയ്ക്ക് മരുമാകളായെത്താന്‍ ദേശത്തെ പെണ്‍കുട്ടികള്‍
മോഹിച്ചു.
എന്നിട്ടും ഒരിക്കല്‍ പതിവു തെറ്റി, ഒരു വീട്ടില്‍
തെരുവിന്റെ അങ്ങേ അറ്റത്തെ നാല്പ്പത്തൊന്നാമത്തെ വീട്ടില്‍. നാല്പതു വീടുകളില്‍ കുഞ്ഞിക്കരച്ചിലുയര്‍ന്നപ്പോ
ഒരമ്മ മാത്രം ചേലത്തുമ്പില്‍ കടിച്ചു കരച്ചിലടക്കി. നാല്‍പതു ജോഡി കുഞ്ഞിക്കാലുകള്‍
തെരുവില്‍ ഓടി കളിച്ചപ്പോള്‍ അവള്‍ കൊതിയോടെ നോക്കി നിന്ന്. കണ്ണീരിനും പ്രാര്തനയ്ക്കുമൊടുവില്‍
അവളുടെ മുലകളും ചുരന്നു.
പതിവു തെറ്റിയൊരു പെണ്‍കുട്ടി.
ആദ്യം തെരുവോന്നു ഞെട്ടി പിന്നെ ആര്‍പ്പിട്ടു
പിന്നെ ആനന്ദക്കണ്ണീരൊഴുക്കി. നാല്പ്പത്തൊന്നു വീട്ടിലെ അരുമയായി അവള്‍ വളര്‍ന്നു. നാല്പ്പത്തൊന്നമ്മമാരുടെ
ലാളനയില്‍ നാല്പ്പത്തൊന്നപ്പന്മാരുടെ തണലില്‍.
തേന്‍ നിറമാര്‍ന്ന തുടുത്ത കവിളുകളും,
മൂക്കുത്തിക്കല്ലിനെ തോല്‍പ്പിക്കുന്ന കണ്ണുകളും പുറം നിറഞ്ഞ ചുരുണ്ട മുടിയുമായി
അവള്‍ നിറഞ്ഞു ചിരിച്ചു. അമ്മമാര്‍ മക്കളോട് അരുമയായി പറഞ്ഞു പെങ്ങളാണവള്‍ തെരുവിലെ
ഏക പെണ്തരി. എന്നാല്‍ നാല്പതു ജോഡി
കണ്ണുകള്‍ അവളെ കാമത്തോടെ നോക്കി
ചുണ്ടുകള്‍ ചേര്‍ത്തമര്‍ത്തി ആ വാക്കിനെ അവര്‍ ഞെരിച്ചു കളഞ്ഞു.
അച്ഛന്മാര്‍ വരനെ തിരഞ്ഞു. തെരുവിന്റെ മരുമകനാകാന്‍
കൊതിച്ച ചെറുപ്പക്കാര്‍ നിരവധിയാണ്. അവള്‍ കണ്ണില്‍ കൌതുകം നിറച്ചു അവള്‍ അവരെ
കണ്ടു.
ആങ്ങളമാര്‍ പറഞ്ഞു.
ഇവന്‍ വേണ്ട പൊണ്ണന്‍
ഇവന്‍ വേണ്ട പോഴന്‍
ഇവന്‍ വേണ്ട പൊങ്ങന്‍.
അമ്മമാര്‍ പറഞ്ഞു
വേണ്ട വേണ്ട പൊങ്ങാനും പോഴനും വേണ്ട ഞങ്ങടെ
രാജകുമാരിയ്ക്ക്. അവള്‍ക്കൊരുത്തന്‍ വരും. മിടുമിടുക്കന്‍
വരവ് നിലച്ചു അച്ഛന്മാര്‍ തിരച്ചില്‍ തുടര്‍ന്നു.
നാല്പതു ജോഡി കാമം നിറഞ്ഞ കണ്ണുകള്‍ അവള്‍ക്ക് ചുറ്റും പറന്നു.
പിന്നെ തെരുവിലേയ്ക്ക് പുത്തന്‍ തലമുറ വധുക്കള്‍
എത്തി ഏട്ടത്തിയമ്മമാരെ അവള്‍ ആരതി ഉഴിഞ്ഞു കൈപിടിച്ചു. അരത്തവെള്ളം തെരുവില്‍ കമിഴ്ത്തി
ദോഷമകറ്റി. നാല്പത്തൊന്നാമത്തെ എട്ടത്തിയെയും കുടിവച്ചത്തില്‍ പിന്നെ അവള്‍
സ്വന്തം അറയിലേക്ക് ഒതുങ്ങിക്കൂടി. എന്നിട്ടും ഒരുനാള്‍ അവനെത്തി ഉച്ചവെയില്‍
തിളയ്ക്കുന്ന ഒരു പകലില്‍, കാരിരുമ്പിന്റെ മനസുറപ്പും ഉരുക്കുപേശികളുമായി ഒരുവന്‍.
അവളെ വേള്‍ക്കണമെന്നു വാശിപിടിച്ചു. തെരുവൊന്ന്പോലെ ഞെട്ടി. ഏട്ടത്തിയമ്മമാര്‍
മൂക്കത്ത് വിരല്‍ വച്ചു അവളെ നോക്കി.
നാല്‍പ്പതു ആണ്‍തൊണ്ടകള്‍ ഒരു പോലെ ആക്രോശിച്ചു
അഹങ്കാരി
തെരുവിലെ പെണ്ണിനെ മോഹിച്ചവന്‍
ദുഷ് പ്രവര്ത്തിക്കാരന്‍
പെണ്ണിനെ മയക്കുന്ന ജാലക്കാരന്‍.
കരുത്തേറിയ നാല്പതു കരങ്ങള്‍ അവനെ പ്രഹരിച്ചു. നഗരത്തിലെ കുപ്പക്കൂനയിലെങ്ങോ ആ ശരീരമൊടുങ്ങി.
ആ രാത്രി പുലര്‍ന്നത് മറ്റൊരു തെരുവിലേയ്ക്കായിരുന്നു.
അവളില്ലാത്ത തെരുവ്. പക്ഷെ അവളെയും അവരെതന്നെയും മറന്നുപോയിരുന്നു. പുത്രവധുക്കള്‍
ജോലികള്‍ മറന്നു അലസമായി അങ്ങിങ്ങ് നടന്നു. അമ്മമാര്‍ അവരെ ശകാരിച് നന്നാക്കാന്‍
നോക്കി. ആണുങ്ങള്‍ വിശന്നു കലഹിച്ചു. തല്ലിനും വിശപ്പിനും കലഹത്തിനുമിടയില്‍
അവരെപ്പോഴോ രമിച്ചു. പ്രണയത്തിനല്ലാതെ മാംസത്തിനു മാത്രം സന്തതികള്‍ ഉണ്ടായി
പ്രണയം മറന്ന പെണ്‍കുലം.
അവളുരുവിട്ടു പോയ ശാപം തെരുവിനെ പൊതിഞ്ഞു
നിന്ന്. ര്രിതുമതിയായ ഓരോ പെണ്ണും ഒരു ശൂന്യതയിലേയ്ക്ക് പതിച്ചു. നിറങ്ങളും
പൂക്കളും ഒഴിഞ്ഞ കണ്ണും, മനസുമായി അവര്‍ ജീവിച്ചു മരിച്ചു. പ്രണയം തുടുക്കുന്ന
കവിളുകളും മോഹം മയങ്ങുന്ന കണ്ണുകളും അവരെ ഒഴിഞ്ഞു പോയി. ആ കുലത്തിന്റെ ഇങ്ങേ ചില്ലയിലൊരു പെണ്തരി. ശാപത്തിന്റെ കാണാചരടുകളിലെങ്ങോ കുടുങ്ങിയൊരു
പെണ്‍കൊടി, ഉള്ളില്‍ വളര്‍ന്നു വിങ്ങുന്ന ശൂന്യതയുടെ വിഹ്വലതയല്ലാതെ മറ്റൊന്നും
തെളിയാത്ത കണ്ണുകളാല്‍ അവള്‍ പുസ്തകത്താളിലെ പ്രണയ നിര്‍വചനം
നോക്കി പകച്ചു നിന്നു. അതവള്‍ക്ക് പുസ്തകത്താളില്‍ വരഞ്ഞ വെറും അക്ഷരം മാത്രമാകവേ എങ്ങനെയാണവള്‍ അത് വിവരിക്കുക.
എന്റെ കുട്ടീ എന്റെ പ്രിയപ്പെട്ട കുട്ടീ ഇത്
പറയാന്‍ ഞാന്‍ നിന്നെ എവിടെയാണ് തിരയെണ്ടത്. എതാള്‍ക്കൂട്ടത്തിലാണ് നീയുള്ളത്
No comments:
Post a Comment