Saturday, September 8, 2012

വിടരാതെ കൊഴിയുന്നവ


അവിചാരിതമായാണ് അറിഞ്ഞത് എഴുത്തുകാരന്‍ ഈ നഗരത്തിലുണ്ട്.

എഴുത്തുകാരന്‍...
 എഴുത്തൊക്കെ എന്നെ അവസാനിച്ചിരിക്കുന്നു.
 എഴുത്തിന്റെ വസന്തകാലത്ത് പ്രസിദ്ധീകരിച്ച ഓരോ വരിയും ഹൃദിസ്ഥമായിരുന്നു. ഇപ്പോഴും.

 പ്രണയത്തെക്കുറിച്ചും വിരഹത്തെക്കുറിച്ചും വായിച്ചപ്പോഴൊക്കെ അത് ഞാനെന്നോര്‍ത്തു അവനായി തപിക്കുകയും ഉരുകുകയും ചെയ്തു.

 കണ്ണെത്താ വഴികളില്‍ വെറുതെ അവനെ കാത്തു..

 വരികളില്‍ വരികള്‍ക്കിടയില്‍ പേര്‍ത്തും പേര്‍ത്തും വായിച്ചു ചിരിക്കുകയും കരയുകയും. സദാ വേദനിക്കുന്നൊരു അവയവം പോലൊരു തീവ്രാഭിനിവേശം..

 വിഭല കൌമാര കല്പനകള്‍.

ആനുകാലികത്തില്‍ എന്നോ വന്നൊരു ചിത്രമായിരുന്നു മുഖം.
 മുഖത്തിന്റെ ഭാഗികമായ കാഴ്ച.
 കട്ടിക്കണ്ണ്‍ടയ്ക്കുള്ളില്‍ വിഷാദച്ഛവിയുള്ള കണ്ണുകള്‍.
 ഈ ലോകത്തോട് തന്നെ പിണങ്ങിയ മുഖഭാവം. അത് കാണുമ്പോഴൊക്കെ ഒരു കുഞ്ഞിനെയെന്നോണം അനച്ചുപിടിക്കാനും നെറുകയില്‍ മുകരാനും അടക്കനാകത്തൊരു പ്രേരണ ഉണ്ടാകാറുണ്ട്.

മദഗജത്തിന്റെ തലയെടുപ്പെന്കിലും, എന്നിലെയ്ക്ക് നീളുമ്പോള്‍ കരുണവഴിയുന്ന കണ്ണുകളുണ്ടെന്നും, കൈകള്‍ ചേര്‍ത്തുപിടിച് അസ്തമയം കാണുമെന്നും, കടല്ക്കാറ്റ്‌ ഏറ്റു ചിതറുന്ന മുടി അരുമയോടെ ഒതുക്കിക്കൊടുക്കനമെന്നും ഓരോ വായനയിലും കല്‍പ്പിച്ചു കൂട്ടി.

പ്രണയപ്പനിയിലുരുകിയ യവ്വന രാപ്പകലുകള്‍.

എപ്പോഴുമെന്നപോലെ ജീവിതം എവിടേയ്ക്കോ ഒഴുക്കികൊണ്ടുപോയ്‌ പുതിയ ലോകങ്ങള്‍ മുഖങ്ങള്‍
 നിരന്തര സമരത്തിന്റെ സഹനത്തിന്റെ യുദ്ധങ്ങളുടെ ജയപരാജയങ്ങള്‍.
 അപ്പോഴും ഒരു കോണിലെങ്ങോ ചാരം മൂടിയ കനല്‍ പോല്‍...

ഇപ്പോള്‍ ഈ നഗരത്ത്തിലെങ്ങോ നീയും ഞാനും.
ഞാനലഞ്ഞ ഇടങ്ങളിലെങ്ങോ നീയുമിന്ന്‍..
 ഇനി ഞാനും.
 ഒന്ന് കാണണം.
വളരെ ശ്രമപ്പെട്ടാണ് സംഘാടകരില്‍ ഒരാളെ ഫോണില്‍ കിടിയത്‌ കൂടിക്കാഴ്ചകളില്‍ താല്പര്യമില്ല.
 ഇന്ന് വൈകിട്ടത്തെ വ്ണ്ടിയ്ക്ക് തിരിച്ചു പോകും.
 സാരമില്ല ഞാന്‍ സ്റ്റേഷനില്‍ എത്തിക്കോളാം.

 ഈ ഇരിപ്പിടങ്ങല്‍ക്കെത്ര കാത്തിരിപ്പിന്റെ കഥകള്‍ പറയാന്‍ കാണും. സ്വയമൊന്നു കണ്ണോടിച്ചു...
 അനാകര്‍ഷക രൂപം.
 രാവിലെ തിരക്കിനിടയില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ കെട്ടിയ മുടി. യാത്രയിലാകെ അലങ്കോലമായ, ഒന്നമര്‍ത്തി തടവി ഒര്തുക്കി വയ്ക്കാന്‍ നോക്കി.
മെഴുക്ക് പുരണ്ട മുഖം സാരിത്തുംപാല്‍ തുടച്ചു.

പൊട്ടു ഒന്നുകൂടി ശരിയാക്കി.
എന്നോ ഒരിക്കല്‍ പുരികക്കൊടികള്‍ക്ക് നടുവില്‍ കൃത്യതയോടെ നില്‍ക്കുന്ന ചെറിയ പൊട്ടിനെക്കുറിച്ച് വായിച്ചപ്പോള്‍ തുടങ്ങിയ ശീലമാണ്.

അതാ..

കട്ടിക്കണ്ണ്‍ടയുണ്ട് നെറ്റിയിലെയ്ക്ക് ചിതറികിടക്കുന്ന സമൃദ്ധമായ മുടിയില്‍ വെള്ളിനാരുകളുടെ അലങ്കാരം.
അരികിലേയ്ക്ക് നടന്നു.
 "ഞാന്‍...."
തല്ചെരിച്ചു നോക്കി.
 തീരെ താല്പര്യമില്ലാത്ത മുഖഭാവം.
 ഇപ്പോഴാണ് കണ്ണുകള്‍ കണ്ടത്‌, വിഷാദമല്ല പുച്ഛമാണ് സ്ഥായീഭാവം.

 "ഒന്ന് കാണാന്‍ രാവിലെ...'
 "ഒഹ് നിങ്ങലനല്ലേ വിളിച്ചിരുന്നത്..."
 "ഞാന്‍ സ്ഥിരമായി വായിച്ചിരുന്നു.. "
മുഖത്ത് നോക്കാതെ, മൂളലില്‍ ഒതുങ്ങുന്ന മറുപടികള്‍..

നിശബ്ദതയുടെ നിമിഷങ്ങള്‍ക്ക്‌ ദൈര്‍ഘ്യമേരുന്നു..

 അസ്വസ്ഥതയോടെ വീണ്ടും വീണ്ടും വാച്ചില്‍ നോക്കുന്നു.

പതിയെ തിരിഞ്ഞു നടന്നു..

അപ്പോള്‍ ഹൃദയത്തിന് ഒട്ടും തന്നെ ഭാരം ഉണ്ടായിരുന്നില്ല.