Tuesday, January 21, 2014

കുഞ്ഞന്നയുടെ മുറി.

ചുവപ്പ് പച്ച നീല നിറങ്ങളുടെ അസംഖ്യം പുള്ളിക്കുത്തുകൾ  കാണെക്കാണെ വളര്ന്നു വളയങ്ങളായി പിന്നെ മാഞ്ഞുപോയി ഒരു തിരയിലെന്നോണം  പുതിയവ വന്നു കൊണ്ടിരുന്നു.  കണ്ണിനു മുകളിൽ അമര്ത്തി വച്ചിരുന്ന കൈത്തണ്ട എടുത്തു മാറ്റി കുഞ്ഞന്ന. അയയിലെ  മുഷിഞ്ഞ തുണികളും   മങ്ങി നരച്ച ചുമരും  അല്ലാതെ മറ്റൊന്നും ഇല്ല. മടുപ്പോടെ അന്ന  നിറങ്ങളുടെ ലോകത്തിലേയ്ക്ക് തിരിച്ചു പോയി. 

അമ്മ വാതിൽക്കൽ വന്നു നോക്കി.  കണ്ണടച്ച് കിടപ്പാണ്. അത്രയും ആശ്വാസം.  ഒന്നോളം പോന്ന പെണ്ണൊരുത്തിയാണ്  ഇങ്ങനെ രാവും പകലും ഇല്ലാതെ മുറിയടച്ചിരിക്കുന്നത്. അമ്മയ്ക്ക് വീണ്ടും നെഞ്ചു വിങ്ങി.  നാടറിഞ്ഞു  നാട്ടാരറിഞ്ഞു  പറഞ്ഞു വിട്ട പെണ്ണാണ്.  ഒരൂസം ഉണ്ട്  അവര് രണ്ടൂന്നാള്  കൊണ്ട് വന്നു വിട്ടു. കൂടെ വന്ന കേട്യോന്റെ തലയിൽ ഒരു കെട്ടും ഉണ്ടായിരുന്നു.  അവരൊന്നും പറഞ്ഞില്ല. അവളും ഒന്നും പറഞ്ഞില്ല. അമ്മയ്ക്കൊന്നും മനസിലായില്ല.  പിന്നീട് അവിടന്നാരും വന്നതും ഇല്ല.  

അന്നയ്ക്കും സമാധാനമായി  വളരെ കാലം കൂടി അന്ന് രാത്രി  അന്ന ബോധം കെട്ടുരങ്ങി ചത്തപോലെ ഉറങ്ങി. അന്ന അങ്ങനെ ഉറങ്ങിയിട്ട് തന്നെ എത്ര കാലമായി.  കെട്ടിച്ച വീട്ടില് അന്ന ഉറങ്ങിയിട്ട് തന്നെ ഇല്ല എന്ന് പറയാം.  രാത്രി ആകുമ്പോ മച്ചിലെ മാക്കാനും മരപ്പട്ടിയും അന്നയുടെ മുറിയിലെത്തും. മുക്കും മുരളും മേത്തിഴയും  തൊന്തരവു തന്നെ. അങ്ങനെ സ്വൈരം കേട്ടിട്ടാണ്  തലേന്ന് രാത്രി ഇരുട്ടത്ത്‌  കട്ടിൽ കീഴെ ചുമ്മാ കിടന്ന പഴേ കോളാമ്പി എടുത്തു കയ്യെത്തും ദൂരത്തുള്ളതിനെ ഒക്കെ അന്ന തല്ലി പായിച്ചു.

ആദ്യമാദ്യം അമ്മയ്ക്കൊന്നും തോന്നിയില്ല. പിന്നെ  പിന്നെ  ചിലതൊക്കെ തോന്നി അമ്മയ്ക്ക് മാത്രം അല്ല നാട്ടാര്ക്കും. പിന്നെ ചിലതൊക്കെ കയ്യിൽ നില്ക്കാതെ ആയി.  അപ്പൊ അപ്പൻ അന്നയുടെ പുറത്തേയ്ക്കുള്ള വഴി അടച്ചു.  അതിലൊന്ന് ഇങ്ങനെ ആയിരുന്നു.  

താഴത്തെ പറമ്പിലെ കുളത്തിൽ നനയ്ക്കാനും കുളിക്കാനും പോകുന്ന പെണ്കൂട്ടത്ത്തിൽ അന്നയും ഉണ്ടായിരുന്നു.   നനയ്ക്കാതെ കുളിക്കാതെ കരയിലിരുന്നു വെള്ളത്തില കല്ലെറിഞ്ഞു കൊണ്ടിരിക്കും.   അങ്ങനെ എറിഞ്ഞ് എറിഞ്ഞ്  ഉന്നം പിടിച്ചു അവൾ  വെള്ളത്തിൽ പൊന്തി കിടക്കുന്ന മാക്രികളെ എറിഞ്ഞ് കൊല്ലാൻ  തുടങ്ങി. എന്നിട്ടതിൽ ചിലതിനെ കരയ്ക്ക് വലിച്ചിട്ടു  അതിനെ നോക്കി ചിരിക്കാൻ തുടങ്ങി. നിരത്താതെ ചിരി പൊട്ടിച്ചിരി.  അപ്പോഴേയ്ക്കും കുളക്കടവിൽ തനിച്ചായ ലീലേച്ചി എന്തെന്ന ഭാവത്തിൽ അന്നയെ നോക്കി.  

നോക്ക് നോക്ക് ലീലേച്ചി  

ചത്ത്‌ മലച്ചു കിടക്കുന്ന മാക്രി കുട്ടനെ ചൂണ്ടി  അന്ന പറഞ്ഞു.

അങ്ങേരു രാത്രീല് വന്നു കിടക്കണ  പോലെ തന്നെ ഉണ്ടല്ലേ.
 അതെ കിടപ്പ്  അതെ പള്ള 
പക്ഷെ കള്ളിന്റേം  ചർദ്ദിലിന്റേം വാടെം കൂടി ഉണ്ട്.

 എന്നിട്ട് ആ നാറ്റം സഹിക്കാനാകാതെ എന്നോണം അവള് മുഖം ചുളിച്ചു.  എന്നിട്ട്  അപ്പോഴും തുടിച്ചു കൊണ്ടിരുന്ന അതിന്റെ ഉന്തിയ വയറിലെയ്ക്ക്  സാമാന്യം നല്ലൊരു കല്ലെടുത്തിട്ടു.   ലീലേച്ചി   നനച്ച പാതി നനയ്ക്കാത്ത പാതി  ഉടുത്ത പാതി ഉടുക്കാത്ത പാതി തുണിയും വാരിപ്പിടിച്ചു  വേഗം വീട് പിടിച്ചു.  അതിൽ പിന്നെ ആണ്  അന്നയുടെ ലോകം  ഈ  മുറിയിലേക്ക്  അമ്പേ ചുരുങ്ങിയത്.   

കുഞ്ഞന്ന വീണ്ടും കണ്ണ് മിഴിച്ചു. അവളെ പാടെ അമ്പരപ്പിച്ചു കൊണ്ട്  മുറിയിൽ വർണ്ണങ്ങൾ നൃത്തം ചെയ്തു.  ചുമരിലാകെ നിറങ്ങളുടെ തിരയിളക്കം. കട്ടിൽ ചോട്ടിൽ വിരിയുകയും  മായുകയും ചെയ്യുന്ന നിറങ്ങളുടെ മേഘപ്പൂക്കൾ. കുഞ്ഞന്നയ്ക്ക്  സന്തോഷം കൊണ്ട്  തുള്ളിച്ചാടാൻ  തോന്നി പാട്ട് പാടാനും.  അതാ മച്ചിൽ നിന്നും  ഞാന്നു കിടക്കുന്ന വർണ്ണ മുത്തുകളുടെ മാല  വലുതും ചെറുതും ആയി പലനിറത്തിലെ തിളങ്ങുന്ന മുത്തുകളും കല്ലുകളും കോര്ത്ത് ഇഴ പിരിച്ചത് . അന്നയതു കഴുത്തിൽ ചാര്ത്തി എന്നിട്ട്  പണ്ടെങ്ങോ ത്രേസ്യാ സിസ്റർ പഠിപ്പിച്ചു കൊടുത്ത മാലാഖമാരുടെ പാട്ട് പാടി. 

കയർത്തുമ്പിൽ ഊയലാടുന്ന അന്നയെ കണ്ടു അമ്മ മറിഞ്ഞു വീഴുമ്പോഴും മാലഖമാരുടെ പാട്ട് ആ മുറിയില്  പതിഞ്ഞ ഒച്ചയിൽ ആരോ പാടുന്നുണ്ടായിരുന്നു

No comments: