Monday, September 2, 2013

ബ്ലാക്ക് വിഡോ

ചെവിയോര്‍ത്തു. പത്രീസ് ലുമുംബയുടെ പാദപതനത്തിന്‍.
 ഇലപൊഴിയുന്ന ശബ്ദമാവും അവന്റെ കാലടിയൊച്ചയ്ക്ക്.
ചൂടുള്ള രോസാപുഷ്പത്തിന്റെ ഉഴിച്ചില്‍ കവിളുകളില്‍ കഴുത്തില്‍.
 പത്രീസ് ലുമുംബ സംസാരിക്കുന്നു. എനിക്കഞ്ജാതമായ ഏതോ ഭാഷയില്‍.

നിനക്കറിയാമോ പത്രീസ് ലുമുംബയെ ദേവദത്തന്റെ ലിങ്കിസ്റ്റിക് പൂച്ചയെ.

വട്ടോ എനിക്കോ.

ആയിരിക്കും. ദേവദത്തനെപ്പോലെ എനിക്കും ചിത്തഭ്രമം പിടിപെടട്ടേ. ചിത്തഭ്രമത്തിന്റെ തൊട്ടിലാട്ടങ്ങളില്‍, ഓര്‍മ്മകളീല്ലാത്ത ഇരുട്ടില്‍ ഗര്‍ഭപാത്രത്തിലെന്നപോലെ ചുരുണ്ടുറങ്ങാം.

പത്രീസ് ലുമുംബ സംസാരിക്കുന്നു. എന്റെ തൊട്ടരികില്‍ എന്റെ ചെവിക്കുടന്നയിലേയ്ക്ക്. നിന്റെ  കുമ്പസാരത്തിനും ന്യായവാദത്തിന്റെ പാഴ്പ്പേച്ചുകള്‍ക്കും മേലെ, എനിക്കജ്ഞാതമായ ഭാഷയില്‍ അവന്‍ പിറു പിറുക്കുന്നതെന്താണ്‍.
നിന്റെ,
അല്ല നമ്മുടെ പ്രണയത്തെക്കുറിച്ച്.
 മഞ്ഞപ്പൂക്കള്‍ പൊഴിയുന്ന മരത്തിനു കീഴില്‍ സിമന്റ് ബഞ്ചിലിരുന്ന് നീ പറഞ്ഞ, തൊട്ടശുദ്ധമാക്കാന്‍ നിനക്കിഷ്ടമില്ലാത്ത നിന്റെ പ്രണയമാണവന്‍ പാടുന്നത്.

നീയെന്നെ പ്രണയിക്കുന്നുവെന്ന്.
പക്ഷേ ഞാന്‍ ഭയപ്പെടുന്നു ഈ കണ്ണുകള്‍ തുറക്കാന്‍.  നിന്റെ കണ്ണുകളില്‍ ഞാനത് കണ്ടില്ലെങ്കില്‍ ഇവന്‍ ഈ ലിങ്കിസ്റ്റിക്ക് പൂച്ച അവന്റെ കോമ്പല്ലുകള്‍ കാട്ടി എന്നെ പരിഹസിച്ചേയ്ക്കും. എന്റെ ദൈന്യത്തിലേയ്ക്ക് അവന്റെ കോമ്പല്ലുകളാഴ്ത്തി അവന്‍ രസിച്ചേയ്ക്കും. പക്ഷേ എനിക്കറിയാം അല്പം മുന്‍പ് വരെ കണ്ടിരുന്ന ആ തിളക്കം തന്നെയാണു നിന്റെ കണ്ണിലിപ്പഴും എന്ന്.

എന്നിട്ടും
എന്നിട്ടും നീയെന്തിനാണെന്നെ,  നിന്റെയീ പഴയ മാളത്തിലേയ്ക്ക് കൊണ്ട് വന്നത്. നീ പറഞിട്ടുള്ള നിന്റെ അശ്വമേധങ്ങളുടെ പടനിലത്തിലേയ്ക്ക്.
ഇരുട്ടു നിറഞ്ഞ ഈ മുറിയുടെ അഴുക്കും പൊടിയും നിറഞ്ഞ നിലത്തെയ്ക്ക്, ഒരു തെരുവു പെണ്ണിനോടെന്നപോലെ ധ്രിതി കൂട്ടുന്നത്.

ഒരു വിരലനക്കം കൊണ്ട് പോലും ഞാനെതിര്‍ക്കാത്തത് നിന്നെ അത്ഭുതപ്പെടുത്തുന്നുണ്ട് അല്ലേ.  നീ പറഞ്ഞത് ശരിയാണ്‍ ഇതു വേണം ഇതില്ലെങ്കില്‍ ശരീരം പറയുന്ന വഴിയേ നീ ഇനിയും സഞ്ചരിക്കും. നീതികേടിന്റെ കൂമ്പാരങ്ങല്‍ വളരും.  ഇല്ലാക്കഥകളുടെ കറുത്ത തിരശ്ശീല കൊണ്ടെന്റെ കണ്ണുകെട്ടും.

നിന്റെ ചുംബനത്തിന്‍ ദുര്‍ഗന്ധമാണ്‍. രക്തച്ചാലിലൊഴുകി അവസാനിച്ച മാംസ പിണ്ഡങ്ങളുടെ അഴുകിയ മണം, ചുരത്താതെ  കെട്ടിനിന്നു ദുഷിച്ച മുലപ്പാലിന്റെ ഗന്ധം.
നീ അമ്പരക്കുന്നതെന്തിന്‍. പിടഞ്ഞുണര്‍ന്ന് നീരാളിയെപ്പോലെ നിന്നെ വലയം ചെയ്യുന്നത് ഞാന്‍ തന്നെ. നമുക്ക് കൊടുമുടികളിലേയ്ക്ക് യാത്രപോകാം ഒറ്റയശ്വത്തെ പൂട്ടിയ തേര് ഇനി ഞാന്‍ തെളീക്കട്ടെ.
 നിന്റെ കൂട്ടുക്കാരികളേക്കാള്‍ കയ്യടക്കത്തോടെ.
അനിത
നീന
ശോഭ.
പിന്നെ
പിന്നെയും ആരൊക്കയോ.
നിഴലായി മുഖം പോലുമോര്‍ക്കാനാകാതെ ഓര്‍മ്മയില്‍ മുങ്ങിപ്പോയവര്‍.

എനിക്ക് മുകളീല്‍ ഒരു കുഞ്ഞിനെപ്പോലെ ശയിക്കുന്ന നീയെപ്പോഴാണ്‍ കുറുക്കന്റെ കൌശലത്തോടെ ഇരകളെ വലയിലാക്കുന്നത്.
എനിക്ക് ഭയമാണ്‍ ഈ ഉറപ്പിനു ശേഷവും നിന്നിലുറങ്ങുന്ന ചെന്നായ വിശന്നുണരും, നിന്റെ വിലക്കവഗണിച്ച് ഇരതേടാനിറങ്ങും. എനിക്ക വയ്യ നിന്നോട് പിണങ്ങാന്‍, നിന്നെ വെറുക്കാന്‍.
നീയെന്തിനാണിങ്ങനെ അമ്പരക്കുന്നത്. എനിക്ക് വേണം നിന്നെ.
എന്റെ പ്രണയമുദ്ര. ചുടുസ്പര്‍ശം
നിന്റെ ആത്മാവോളം ചെന്നെത്താന്‍.
 നിന്റെ പ്രണയമൊന്നോടെ ഞാനാവാഹിക്കട്ടെ, ഒരു തരിപോലും ബാക്കി വയ്ക്കാതെ.
.

പത്രീസ് ലുമുംബ പിറുപിറുക്കുന്നു.
പോരാ പോരാ ഇനിയും ഇനിയും.
മുറുകട്ടെ ഇനിയും എന്നെ വരിയുന്ന നിന്റെ കൈച്ചുറ്റുകള്‍ ഇനിയും ദ്രിഡമാകട്ടെ. നീയെന്നെ നോക്ക് എത്ര അനായാസമാണ്‍ നിന്റെ കാലുകളേ ഞാന്‍ അടക്കിയത്.
അങ്ങനെ മുറുകേ എല്ലുകള്‍ ഞെരിയുന്നത്ര. ഇനിയും ഇനിയും അവസാന തരിയും.
എന്റെ ചുണ്ടില്‍ നാവില്‍ ഉപ്പ് രസം കലര്‍ന്ന കൊഴുകൊഴുപ്പ്. പത്രീസ് ലുമുംബ കൊതിയോടെ നാവ് നുണയുന്നു. അവനസൂയപ്പെടുന്നു. നിന്റെ ചുണ്ടിന്‍ കോണിലൂടെ ഇപ്പോഴും ഊര്‍ന്നു വരുന്ന പ്രണയത്തിന്റെ കടും ചുവപ്പിനെ.

നീയുറങ്ങൂ.  ശാന്തമായി. ഞാന്‍ നിനക്ക് കൂട്ടിരിക്കാം.
ഇപ്പോള്‍ പത്രീസ് ലുമുംബ അറിയാ ഭാഷയില്‍ പാടുന്ന കഥ നിനക്കു പറഞ്ഞ് തരട്ടേ.
 അത് ബ്ലാക്ക് വിഡോയുടെ കഥയാണ്‍.


................................................................................................................
പത്രീസ് ലുമുംബ: യന്ത്ര(മലയാറ്റൂര്‍)- ത്തിലെ കഥാപാത്രം ദേവദത്തന്റെ അദ്രിശ്യനായ വളര്‍ത്ത് പൂച്ച.

ബ്ലാക്ക് വിഡോ – Black Widow Spider. Contrary to popular belief, females eat their partners after mating.