അപ്പു ഉറങ്ങിക്കഴിഞ്ഞിരുന്നു. പതിയെ കിടക്കയിലേക്ക് കിടത്തി. പാവം, കുട്ടി വല്ലാതെ ഭയപ്പെട്ടിരിക്കുന്നു. ആദ്യമാദ്യം അവനൊന്നും അറിഞ്ഞിരുന്നില്ലെൻകിലും ഇപ്പോൾ നിത്യെനെയെന്നോണം,
കുഞ്ഞു മനസ് വല്ലാതെ മുറിയുന്നുണ്ടാകും. ഒച്ച ഉയരുമ്പോൾ
തന്നെ കുഞ്ഞിക്കണ്ണുകൾ നിറയാൻ തുടങ്ങും. അതൊക്കെ കണ്ടിട്ട് പലപ്പോഴും
കാതും പൂട്ടി ഒറ്റ ഇരിപ്പാണു പതിവ്. എന്നിട്ടും ചിലപ്പോൾ പിടി
വിട്ടു പോകുന്നു.
പാതി തുറന്നു കിടക്കുന്ന വാതിലിലൂടെ നോക്കി ഉടഞ്ഞ പാത്രങ്ങൾക്കും
എച്ചിലിനും നടുവിൽ അതേ ഇരിപ്പാണു.
ദേഹം പതിയെ ഇളകുന്നുണ്ട്. കരച്ചിൽ ഒടുങ്ങിയിട്ടില്ല.
എന്തിനാണു എന്തിനാണു നീയിങ്ങനെ ഇങ്ങനെ കൊല്ലാതെ കൊല്ലുന്നത്. വീട്ടിലെത്താൻ പത്തു മിനിട്ട്
വൈകിയാൽ, ഒരു ഫോൺ കോൾ അറ്റെൻഡ് ചെയ്യാതിരുന്നാൽ, നിസാരമായൊരു ഒഫീസ് തമാശയിൽ നേരം തെറ്റിയെത്തുന്നൊരു ഫോൺ കാളിൽ, എല്ലാത്തിലും നിന്റെ എക്സ്റേ കണ്ണുകൾ പായിച്ച് നീ എനിക്കുള്ള കുരുക്കൊരുക്കുന്നു.
അതു മുറുക്കി മുറുക്കി എന്റെ പ്രാണപ്പിടച്ചിലിൽ നീ ആനന്ദിക്കുന്നു.
ചെറിയ തീപ്പൊരികളെ ഊതിപ്പെരുക്കി നീ എന്നെ ആസകലം പൊള്ളിക്കുന്നു.
വയ്യ ഇനിയും എനിക്കിത് വയ്യ.
ചുണ്ടിന്റെ കോണിൽ വല്ലാത്ത നീറ്റൽ പൊട്ടിയിട്ടുണ്ടാകും. കണ്ണുനീരുപ്പിൽ നീറുന്നു. ഓർത്തപ്പോൾ
വീണ്ടും കരച്ചിൽ വന്നു. കരച്ചിലല്ല ഹൃദയമപ്പാടെ തൊണ്ടയിലേക്ക്
കയറി വരും പോലെ. മുറിയിലേയ്ക്ക്
കണ്ണയച്ചു, കുഞ്ഞിനരുകിലിരിക്കുകയാണു. ഇന്നും
താൻ കുഞ്ഞിനെ തല്ലിയോ. എന്തൊക്കെയാണു നടന്നത് ഒന്നോർത്തുനോക്കാൻ
ശ്രമിച്ചു. ഒരടുക്കും ചിട്ടയും കിട്ടുന്നില്ല.
വഴക്ക്
ബഹളം
എന്തോക്കെയോ പൊട്ടിച്ചു.
പിന്നെ സ്വയം പീഡനം. നെറ്റി വല്ലാതെ മുഴച്ചിരിക്കുന്നു
വേദനയും അതിനിടയിൽ ചിലപ്പോ കുഞ്ഞിനെയും നോവിച്ചു കാണും അപ്പോഴാകും തല്ലിയത്.
വീണ്ടും തൊണ്ട കഴയ്ക്കുന്നു.
അപ്പോ ഇന്നും എന്നെ തല്ലി അല്ലേ.
നീയെങ്ങോട്ടാണു എന്നിൽ നിന്നും ഓടി പോകുന്നത്.
എന്റെ ഫോൺ കോളുകൾക്ക് മറുപടി
തരാതെ നീ നിരന്തരം തിരക്കിലായിരിക്കുന്നത് ആരോടൊപ്പമാണു.
വൈകുന്നേരങ്ങളിൽ
നീ അപ്രത്യക്ഷനാകുന്നതെവിടേയ്ക്കാണു.
എന്നെ കാണുമ്പോൾ റോങ്ങ്
നമ്പരെന്നു പറഞ്ഞ് നീ അവസാനിപ്പിക്കുന്ന സംഭാഷണങ്ങൾക്കപ്പുറം ആരാണു.
നീ എന്തിനാണു എന്തിനാണു എന്നോട് വീണ്ടും വീണ്ടും ഇതു തന്നെ ചെയ്യുന്നത്. അതേ പഴയ കള്ളങ്ങൾ ആവർത്തിക്കുന്നത്.
പിൻൿ നിറമുള്ള ഈ നൈറ്റ് ഡ്രസ് ഇട്ടത്, കിടപ്പു
മുറിയിൽ പച്ച മുന്തിരിക്കുലയുടെ പ്രിന്റുള്ള ഷീറ്റ് വിരിച്ചത് ചായതിൽ ഏലയ്ക്ക പൊട്ടിച്ചിട്ടത്
ഒക്കെ നിനക്ക് വേണ്ടിയല്ലേ, നിന്റെ മാത്രം നിന്റെ മാത്രം ഇഷ്ടങ്ങളല്ലേ
അതെല്ലാം.
കുട്ടികളേപ്പോലെ ചിണുങ്ങിയ മുഖത്തോടെ അനിഷ്ടത്തോടെ, ഓരോ കടുകുമണിയും ശ്രദ്ധയോടെ
നീ പെറുക്കിയെടുക്കുന്നത് കാണാനുള്ള കൌതുകത്തിനല്ലേ, നിനക്കിഷ്ടമില്ലെന്നറിയാമായിട്ടും
നിർലോഭം കടുകിട്ട് തന്നെ ഞാൻ നിനക്കേറെ ഇഷ്ടമായ മോരുകറിയ്ക്ക് താളിച്ചത്.
നീയെന്നെ എന്താ കാണാത്തെ.
നിന്റെ ഇഷ്ടങ്ങൾ
പിണക്കങ്ങൾ,
തമാശകൾ
ഒക്കെ എന്റെ എന്റെ മാത്രമല്ലേ.
ഇടതു നെറ്റിയിലെ നരച്ച മുടി നാരുകൾ
കഴുത്തിലെ ചെറിയ തടിപ്പ്
ചിരിക്കുമ്പോ പിണങ്ങിയെന്നോണം എഴുന്നു മാറി നില്ക്കുന്ന ഒറ്റമീശ
രോമം ഒക്കെ
എന്റെ എന്റെ മാത്രം സ്വകാര്യമല്ലേ..
അതെ അതെ അതെ
എന്റെ എന്റെ മാത്രം.
മുളചീന്തും പോലെ തേങ്ങലുയരുന്നത് അറിയുന്നുണ്ട്. സ്വന്തം കൈപ്പടത്തിലേയ്ക്ക്
നോക്കി, എല്ലാ അതിരുകളും കടന്നപ്പോഴാണു കടിഞ്ഞാൺ വിട്ടുപോയത്.
തല്ലിപ്പോയ്. ഓർത്തപ്പോ വല്ലാതെ സൻകടം തോന്നി.
ആദ്യം കരഞ്ഞപ്പോ ഇനി ഒരിക്കലും ഇതുണ്ടാകരുതെന്ന് പറഞ്ഞു കണ്ണീർ തുടച്ച
കൈത്തലമാണു എന്നിട്ടാണിപ്പോ.. വല്ലാതെ തളർച്ചതോന്നി. ഇനിയും പിടിച്ചു നില്ക്കാനാകില്ല. അരികിലേയ്ക്ക് ചെന്നു
ആ ഒറ്റയിരിപ്പിലാണു. തോളിൽ തൊട്ടു. മുഖമുയർത്തിയപ്പോൾ
കണ്ടു തിണർത്ത കവിൾത്തടം വല്ലാതെ നൊന്തു.
ഹോ എന്തൊരു ദുഷ്ടൻ സ്വയം ശപിച്ചു പോയ്.
അരുമയോടെ മുടിയിൽ തഴുകി.
എണ്ണ പകർന്നപോലായി അത്. പൊട്ടിക്കരച്ചിൽ കൂടെക്കരഞ്ഞുപോയി.
ഒന്നടങ്ങിയെന്നു തോന്നിയപ്പോൾ ചേർത്തു പിടിച്ചു ചോദിച്ചു സൻക്ടത്തോടെ
എന്തിനാ എന്തിനാ നീയിങ്ങനെ.
ഇനിയുമൊരു കരച്ചിലായിരുന്നു മറുപടി. പെയ്തൊഴിയട്ടേന്നു കരുതി കാത്തിരുന്നു.
ഒടുവിൽ മുറിഞ്ഞും വിതുമ്പിയും വാക്കുകൾ പുറത്തു വന്നു.
എനിക്കറിയില്ല.
എനിക്കറിയില്ലയെന്നെ
ഞാനെന്തൊക്കയാ കാട്ടണതെന്നെനിക്കറിയില്ല.
നീ എന്നോടെന്തോ മറയ്ക്കുന്ന പോലെ തോന്നുമ്പോ
എന്റെ ഫോണവിളികൾക്ക് മറുപടി ഇല്ലാതാകുമ്പോ..
ഞാൻ തനിച്ചായ പോലെ.
ഒറ്റയ്ക്ക്
നിരാശ്രയയായി
അനാഥയായി
നിശബ്ദതയുടെ ഒറ്റത്തുരുത്തിൽ
ഇരുട്ടിന്റെ ആഴക്കുഴിയിൽ തനിച്ചായ
പോലെ.
ഞെരിഞ്ഞു പോകുന്നൊരാലിംഗനത്തിൽ ചെവിയിൽ പറഞ്ഞു.
“ഞാനില്ലേ.
എപ്പോഴും ദാ ഇത്രേം അടുത്ത്.
കരയരുത്, എനിക്കും നീ മാത്രമല്ലേ ഉള്ളൂ, പിന്നെന്തിനാ..”
“അറിയാം എനിക്കറിയാം അത്, എൻകിലും……….
എനിക്ക് ഭ്രാന്താണോ “
“അല്ല”
“സത്യം പറയൂ”
“അല്ല”
“നീയെന്നെ വെറുക്കുന്നോ.”
“ഇല്ല”.
“ചിലപ്പോ നിന്നോടുള്ള സ്നേഹം വല്ലാതെ കൂടുമ്പോ..
അതാണു അതാണെന്നെ ഭ്രാന്തിയാക്കുന്നത്.
……….
എനിക്ക് ശരിക്കും ഭ്രാന്തുണ്ടോടാ….”
“പോട്ടെ സാരമില്ല.”
കവിളീലൂർന്ന കൈനഖങ്ങളാഴ്ന്ന് വേദനിച്ചതു കൊണ്ടല്ല കണ്ണു നിറഞ്ഞത്. നെഞ്ചിലമർന്ന ദേഹം ചേർത്തു
പിടിച്ചു. വീണ്ടും വീണ്ടും ആത്മാവിനോളം അടുപ്പത്തിലേയ്ക്ക്.
ചെവിയിൽ പതുക്കെ
“നീയെന്റെ ഭദ്രയല്ലേ..”
പുഞ്ചിരി.
“ഭദ്രകാളീ………….”
ചിരി
കരച്ചിൽ
കരച്ചിലും ചിരിയും.
പിന്നെ ദൈർഘ്യമേറിയ പൊട്ടിച്ചിരികൾ..
പരിരംഭണങ്ങൾ..
ഊഷ്മള സ്നേഹമുദ്രകൾ..
പതിവ് ഒഴുക്കുകളിലേയ്ക്ക്..
തണുത്ത വെള്ളം ശരീരത്തിൽ ചാലിടുന്നതാസ്വദിച്ച് അനങ്ങാതെ നിന്നു. തണുപ്പ് മനസോളം ചെല്ലട്ടെ.
തല തുവർത്തുമ്പോഴാണു.
ഫോൺ റിങ്ങ് ചെയ്യുന്ന നേർത്ത ശബ്ദം..
ഉള്ളിലൊരു കൊള്ളിയാൻ മിന്നി.
ഗ്ലാസ്സ് ജഗ്ഗ് ഉടയുന്ന ശബ്ദം അകമ്പടിയായെത്തി.